തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമന വിവാദം പുകയുന്നതിനിടെ കെഎസ്യുവിനു കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാതെ വന്നതോടെ മുഖ്യമന്ത്രി വി.ഡി. സതീശനോട് അതൃപ്തി പ്രകടിപ്പിച്ച് വിദ്യാർഥി സംഘടനാ നേതാക്കൾ. കൂടിക്കാഴ്ചയ്ക്കായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കളാണ് അനുമതി തേടിയത്. ആദ്യം ഫോണിലൂടെയും പിന്നീട് ഔദ്യോഗിക കത്തിലൂടെയും കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടിയെങ്കിലും ലഭിച്ചിട്ടില്ല.
ഇന്നലെ മുഖ്യമന്ത്രിക്ക് തിരക്കിട്ട പരിപാടികളായിരുന്നുവെന്നാണ് അലോഷ്യസ് പറയുന്നത്. ഓണം ബംപർ ലോട്ടറി പ്രകാശനം കഴിഞ്ഞു കൊല്ലത്തേക്കുപോയ മുഖ്യമന്ത്രി കൊച്ചിയിലെ പരിപാടിയും കഴിഞ്ഞു മാത്രമേ തിരുവനന്തപുരത്ത് എത്തുകയുള്ളൂ. അതുകൊണ്ട് കൂടിക്കാഴ്ച വൈകാനാണ് സാധ്യത. കെഎസ്യു നൽകിയ കത്തിൽ നിയമനവിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളുള്ളതാണ് കൂടിക്കാഴ്ച വൈകിക്കുന്നത്.
കെഎസ്യുവിന് എതിരായ പരിഹാസ പ്രതികരണത്തിൽ കോണ്ഗ്രസ് നേതാക്കൾക്കും അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശം പരിധി വിട്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. പാർട്ടി യോഗങ്ങൾ ചേരുന്പോൾ ഇക്കാര്യം ഉന്നയിക്കാനും ആലോചനയുണ്ട്. സർക്കാർ പ്ലീഡർ നിയമനം നടത്തുന്നത് കെഎസ്യു കമ്മിറ്റികളല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് രാഷ്്ട്രീയ പോരിലേക്ക് വഴിവച്ചത്.